Wednesday 1 October 2014

ഗാന്ധി സ്മരണ വീണ്ടും !


                    ഗാന്ധി... ലോകത്തിനു ഭാരതത്തിന്റെ ഏറ്റവും വലിയ സംഭാവന. ഏറെ ആദരിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്ത മഹാത്മാവ്. ജീവിച്ചിരിക്കുമ്പോഴും മരണ ശേഷവും ഏറെ ചര്‍ച്ച  ചെയ്യപ്പെട്ട സിദ്ധാന്തങ്ങളുടെ വക്താവ്. ഏതു ജനതയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചുവോ, അവരാല്‍ തന്നെ വധിക്കപ്പെട്ട നേതാവ്. ഭൂമിയില്‍ ഇങ്ങനെ ഒരാള്‍   ജീവിച്ചിരുന്നുവോ എന്ന് വരും തലമുറ സംശയിച്ചു പോകും എന്നാണല്ലോ ആ ജീവിതത്തെ പഠിച്ച നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ശാസ്ത്രകാരന്‍, ഐന്‍സ്റ്റീന്‍, പ്രതികരിച്ചത്. 'മഹാത്മജീ അങ്ങ് ഭാരതത്തിന്റെ തപസ്സിനെ പ്രതിനിധാനം ചെയ്യുന്നു' എന്ന് വിശ്വമഹാകവി ടാഗോര്‍ പറഞ്ഞത് ഏറെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും  ആ മഹനീയ ജീവിതത്തെ അടുത്തറിഞ്ഞത്  കൊണ്ടാണ്. പുതിയ യുഗത്തില്‍ ഗാന്ധിസത്തിന് എന്ത് പ്രസക്തി എന്ന് ലോകം ഇപ്പോഴും ചര്‍ച്ച  ചെയ്തു കൊണ്ടിരിക്കുന്നു. പുതിയ തലമുറയില്‍ നോട്ടിന്റെ മുദ്രയില്‍ നിറ ചിരി സാന്നിധ്യമായി ഗാന്ധി മാറുമ്പോള്‍, ഈ ചിന്തകള്‍ക്ക് എന്താണ് നല്‍കാനാവുക എന്ന ശങ്കക്കിടയിലും ഗാന്ധി സ്മരണകള്‍ ആവര്‍ത്തിക്കപ്പെടുന്നു.